Sunday, June 1, 2008

സ്നേഹതീരം തേടി

ഇലവുംതറ കുരിശു ജംക്ഷനില്‍ വലത്തോട്ടു തിരിഞ്ഞ് കൃത്യം മൂന്നു മിനിറ്റ് ഡ്രൈവ്. ചുവന്ന ഇഷ്ടികയില്‍ ഉയര്‍ന്ന മതില്‍ക്കെട്ട്, അതിന്റെ മദ്ധ്യത്തില്‍ ആര്‍ച്ച് ഗെയ്റ്റ്, യൂ വോണ്ട് മിസ് ഇറ്റ്.



ശരിയായിരുന്നു എങ്ങും മിസ്സ് ചെയ്യാതെ കൃത്യം ഗെയിറ്റിന്റെ മുന്‍പില്‍ തന്നെ എത്തി, വണ്ടി ചവിട്ടി നിര്‍ത്തി, വിന്‍ഡോ അല്പമൊന്നു താഴ്ത്തി പരിസര‍മൊന്നു‍ നിരീക്ഷിച്ചു.



‘വണ്ടി അകത്തേക്കെടുത്തോളു’ വളരെ നേരം കാത്തിരുന്നെന്നു തോന്നിപ്പിക്കുന്ന ഉദ്ദ്വേഗമാര്‍ന്ന ഒരു സ്വരം. ചുവന്ന മതിലിനോടു കപടമായി താദാമ്യം പ്രപിച്ചു നിന്നിരുന്നു ഒരു കാവിയുടുപ്പുധാരി. ഇടതൂര്‍ന്ന കറുത്ത ദീക്ഷ, കാ‍ന്തശക്ക്തിയുള്ള കണ്ണുകള്‍‍. തന്നെ കാത്തു നില്‍ക്കയായിന്നു അദ്ദേഹമെന്നു തോന്നിയപ്പോള്‍ അഭിമാനം തോന്നി അവള്‍ക്ക്.


വെട്ടിനിര്‍ത്തിയ പുല്‍ത്തകിടിയുടെ ഓര‍ത്തെ വിശാലമാ‍യ പാര്‍ക്കിംങ്ങ് ലോട്ട്. മൂന്ന് എസ്.യു.വി ബെന്‍സ് കാറുകള്‍, ഒരു ടൊയോടാ ലക്സസ്, അഞ്ചാമത്തെ ഒഴിഞ്ഞുകിടന്ന ലോട്ടില്‍ അവള്‍ കാ‌ര്‍‌ പാര്‍ക്കു ചെയ്തു.


എങ്ങും ആഡംബരം, നിറങ്ങളുടെ മേളക്കൊഴുപ്പ്, എല്ലാം ചിത്രം പോലെ സമ്പൂര്‍‌ണ്ണം എന്നു ചുറ്റുമൊന്നു കണ്ണോടിച്ചു ചിന്തിക്കൂമ്പോഴേക്ക് അദ്ദേഹം അപ്രത്യക്ഷപ്പെട്ടിരുന്നു.



ഇരിപ്പു മുറിയിലേക്കു കടക്കാന്‍ കോ‍ളിംഗ് ബെല്‍ അമര്‍ത്തണമോ എന്നു ശംഖിച്ചു നില്‍ക്കവേ വാതില്‍ താനേ തുറന്നു. മറ്റൊരു കാവിധാരി. അകത്തേക്കു കയറവേ മുറക്ക് ഉപചാരവാക്കുകള്‍.



നീലസോഫയുടെ മൃദുത്വത്തിലേക്കാനയിക്കപ്പെട്ടപ്പോള്‍ യോഗികളുടെ ഭൌതീക രുചിയേക്കുറിച്ചത്ഭുതപ്പെട്ടു.


ക്രിത്രിമവും നൈസര്‍ഗികവുമായ ചെടികളുടെയും പൂക്കളുടെയും പലവിധ ഒരുക്കങ്ങള്‍ മുറിയെ മുഴുവനായി മോടിപിടിപ്പിച്ചിരുന്നൂ.



‘കാപ്പി, ചായ, മറ്റെന്തെങ്കിലും..’



വേണ്ടെന്നു പറയാന്‍ മനസനുവദിച്ചില്ല. ഔപചാരികതയുടെ വലിപ്പത്തില്‍ ചെറുതാകുന്നതവള്‍ ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു.


‘വിശ്രമിക്കാന്‍ പറഞ്ഞു’ ഗെയിറ്റു തുറന്ന സ്വാമി‍ വന്നറിയിച്ചു. അപ്പോള്‍ ഇദ്ദേഹമല്ലേ‍ നീതു പറഞ്ഞ ബ്രഹ്മര്‍ഷി, അദ്ദേഹം വേറെ ആളാ‍ണോ?



സോഫയിലേക്കു കുറച്ചുകൂടെ ചരിഞ്ഞു കിടന്നപ്പോള്‍ ചുറ്റുപാടിന്റെ സൌന്ദര്യം തലച്ചോറിലേക്കു കൂടുതല്‍ വ്യാപിച്ചു. നേരത്തേ അവിടെ വരാന്‍ തോന്നാഞ്ഞതില്‍‌‍ സ്വയം കുറ്റപ്പെടുത്തി. നീതു എത്രനാള്‍ മുന്‍പേ പറയുന്നുണ്ടായിരുന്നു. ‘അവിടെ വരെ ഒന്നു പോ‍യാല്‍‌ മതീ നിന്റെ എല്ലാ വീഷമങ്ങളും ബ്രഹ്മര്‍ഷി മാറ്റിത്തരും‘, എന്ന്. പക്ഷെ ആത്മഹത്യയെ പലതവണ മുഖാമുഖം കണ്ട് എന്നെ രക്ഷിക്കാന്‍ ഒരു ബ്രഹ്മര്‍ഷിക്കും കഴിയില്ല എന്നു താന്‍ കരുതി‍.



പെട്ടെന്നു സംഗീതം എങ്ങുനിന്നോ ഒഴുകി വന്നു. ജാസിന്റെ പരിവേഷമണിഞ്ഞ‍ ഒരിംഗ്ലീഷ് പാ‍ട്ട്. ബ്രഹ്മര്‍ഷിക്ക് ഇംഗ്ലീഷിലും രുചിയോ എന്നല്‍ഭുതപ്പെട്ടു. ആദ്യം കേള്‍ക്കാന്‍ സുഖം തോന്നിയില്ല, ഖരമായ ആഫ്രോഅമേരിക്കന്‍ ശബ്ദം. ക്രമേണ അതിന്റെ വരികള്‍, മനസിന്റെ യഥാസ്തികതയെ നാണിപ്പിച്ചു. ‘ടേക് മി ഇന്റൂ യുവര്‍ ഹാന്‍ഡ്സ് ബേബീ അന്‍‌ഡ് ഫീല്‍ ദ് ത്രൊബ് ഒഫ് മൈ ലവിങ് ഹാര്‍ട്..’



കാമുകിയോട് ഭവ്യമായി താണു വീണപേക്ഷിക്കുന്നു കാമുകന്‍. ഇത്തരം അപേക്ഷകള്‍ മലയാള കാവ്യങ്ങളുലുമുണ്ട്, എങ്കിലും അവക്കൊന്നും ഇത്ര ഉല്‍ക്കടമായ, ആത്മീയമായ വികാരാവിഷ്കരണമില്ല, സര്‍വവും കാഴ്ച്ചവക്കുന്ന സമര്‍പ്പണമില്ല. അവളോര്‍ത്തു


‘വരൂ’ മറ്റൊരാശ്രമപാലകന്‍.

എഴുനേറ്റു നിന്നു സാ‍രി ശരിയാക്കി. വഴികാട്ടിയായി മുന്‍പേ നടന്ന അദ്ദേഹത്തിന്റെ പിറകെ ന്നടന്നു. രണ്ടു സ്റ്റെയര്‍ കേസൂകള്‍ കയറി, വലത്തോട്ടുള്ള ഇടനാഴീയിലൂടെ തിരിഞ്ഞ്, മൂന്നു മുറികഴിഞ്ഞപ്പോള്‍ അദ്ദേഹമവിടെ നിന്നു. ‘ഇവിടെ നിന്നു ഇടതുവശത്തുള്ള മൂന്നാമത്തെ മുറിയാണ്‍്, അതും പറഞ്ഞ് അദ്ദേഹം അപ്രത്യക്ഷനായി.



മരത്തിന്റെ പാനല്‍ പാകിയ തറയിലൂടെ മുന്നോ‍ട്ടു നടന്നപ്പോള്‍ ജീവിതത്തിലാദ്യമായി ആത്മബോധവും ആത്മവിശ്വാസവും തോന്നി. ഇത്രയും നാള്‍ എല്ലാവരും പിച്ചീച്ചീ‍ന്തി നശിപ്പിച്ചതും അതു തന്നെയായിരുന്നല്ലോ?‍



‘കടന്നു വരൂ‘ എന്ന ഘനഗംഭീരമായ ഒരു ശബ്ദത്തിനു കാതോര്‍ത്തു നിന്നപ്പോള്‍, വാതില്‍പ്പാളി തന്നെ അകന്നു.



സിംഹാസനത്തില്‍, അകല്‍ച്ച ആദരവിന്റെ അടയാളമാണെന്നൂ വരുത്തി പ്രൌഡിയോട് കാത്തിരുന്ന ഒരു ബ്രഹ്മര്‍ഷിയേ ആയിരുന്നു അവള്‍ പ്രതീക്ഷിച്ചത്. ദര്‍ശനം ലഭിക്കുമ്പോഴേ കാല്‍ പാദങ്ങളിലേക്കമര്‍ന്നു വീഴേണ്ടതെങ്ങനെ എന്നവള്‍ പലതവണ പരീചയിച്ചിരുന്നു.


പക്ഷെ അദ്ദേഹം ഒരു സാധാരണക്കാരനേപ്പോലെ, സ്വര്‍ണ്ണനിറത്തില്‍ മുട്ടു വരെ എത്തുന്ന മേലങ്കിയും പൈജാമായും ധരിച്ച് മുന്നില്‍ നിന്നു. മുഖത്തു ജനകീയമായ പുഞ്ചിരി. കേവലം സാധാരണക്കാരന്‍. പക്ഷെ കണ്ണില്‍ നിന്നു ജ്വലിച്ചതു കാന്തശക്തിയായിരുന്നു. ആ ഒറ്റനോട്ടത്തില്‍ തന്നെ അവള്‍ അദ്ദേഹത്തിനു കീഴ്പ്പെട്ടു.



‘ഇരിക്കു’ അദ്ദേഹം തോളില്‍ കയ്യിട്ടു മുന്നോട്ടു നടന്നു. അതില്‍‍ ഒരു രക്ഷകന്റെ കാരുണ്യം മാത്രമേ അവള്‍ക്കു കാണാന്‍ കഴിഞ്ഞുള്ളു.



പതുപതുത്ത സോഫയില്‍ അവളീരുന്നു. അടുത്തായി അദ്ദേഹവും.


‘ഹര്‍ഷ നല്ല പേര്‘ അദ്ദേഹം സൌമ്യമായി സംഭാഷണമാരംഭിച്ചു. ഒരു പുരുഷനിത്രയൂം സൌമ്യനാകാന്‍ കഴിയുമോ? അഛന്‍, സഹോദരന്‍, ഭര്‍ത്താവ് അറിയാവുന്ന പുരുഷന്മാരിലൂടെ അവളൂടെ മനസൊന്നൂ പിടഞ്ഞോടി.



‘ഹര്‍ഷ സുന്ദ്രിയാണ്‍്’ ഹൊ ഉള്ളില്‍ ഹര്‍ഷോന്മാദം. ആ‍ാരെങ്കിലും ഇതു വരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ?


‘ഈ സാരി ശരിക്കും ഇണങ്ങുന്നുണ്ട് കേട്ടോ’ അംഗീകാരത്തിന്റെ ഹിമവല്‍ സാനുക്കളിലേക്കു പറന്നുയര്‍ന്നപ്പോള്‍


‘പക്ഷെ ഈ നെറ്റിത്തടത്തില്‍ എന്തേ ഇത്രയധികം വരകള്‍?’

‘അതോ അത്...അത് എന്റെ ജീവിതത്തിന്റെ കോണ്ടൂര്‍ രേഖകളാണു സ്വാമീ. എന്റെ അനുഭവങ്ങളുടെ ചുവര്‍ചിത്രങ്ങള്‍‍‍’.

സ്വാമീ പൊട്ടിച്ചിരിച്ചു. ചുറ്റും പാറക്കെട്ടുകള്‍ അടര്‍ന്നു വീണതു പോലെ അവള്‍ക്കു തോന്നി.


ചിരീച്ചു ചിരിച്ച് അവശനായപ്പോള്‍ അദ്ദേഹം അവളുടെ ഇടത്തെ ഉള്ളം കൈ ശ്രദ്ധിച്ചുകൊണ്ടു ചോദീച്ചു



‘ഇതാ ഇതു ഹര്‍ഷയുടെ മനസിന്റെ കോണ്ടൂറുകളാണ്‍്. ഇതെന്തേ‍ കീറിമുറിഞ്ഞുകിടക്കുന്നത്’?



അവള്‍ നിസഹായയായി ഇടത്തെ കൈ വിടര്‍ത്തി അദ്ദേഹത്തിന്റെ നേര്‍ക്കു നീട്ടി. അദ്ദേഹം അതു തന്റെ വലത്തെ കൈയ്ക്കൂള്ളില്‍ വച്ചു.



പിന്നീടദ്ദേഹം അവളുടെ ഉള്ളം കൈയ്യിലേക്കു നോക്കി എന്തൊക്കെയോ പറഞ്ഞു. ആയുര്‍ രേഖയെക്കുറിച്ച്, ഭാഗ്യരേഖയെക്കുറിച്ഛ്, വിവാഹരേഖയെക്കുറിച്ച്, സന്താനരേഖയെക്കുറിച്ച്, പക്ഷെ അവള്‍ ശ്രദ്ധിച്ചത് അയാളുടെ ആഡ്യമായ കണ്ണൂകള്‍ അവളുടെ കൈയ്യിലേക്കും കണ്ണുകളിലേക്കും ചാഞ്ചാടിയതായിരുന്നു. ആ ശബ്ദത്തില്‍ ആ ആഫ്രോഅമേരിക്കന്‍ ഗാ‍യ്കന്റെ സംഗീതം, ചിരിയീല്‍ അഭൂതപൂര്‍വമായ ലാളിത്യം, സ്പര്‍ശനത്തില്‍ മസൃണത.



സ്വര്‍ണനിറത്തിന്റെ ചാരുതയില്‍ ഒളിപ്പിച്ചു വച്ച ആ മാറിടത്തിലേക്കൊന്നു തലചായിച്ചു കിടന്നിരുന്നീങ്കില്‍, ആ കരവലയങ്ങളില്‍ ഒതുങ്ങി ഒന്നു നിശ്വസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവളാശിച്ചു.



പെട്ടെന്ന് അവളുടെ ബാഗില്‍ നിന്ന് സെല്‍‌ഫോണ്‍ ശബ്ദിച്ചു.


‘നീ എവിടെയാ‘ നാടുതെണ്ടിയുടെ തകരക്കൊട്ട് നാദബ്രഹ്മഹ്ത്തിന്റെ ചില്ലുകൊട്ടാരത്തില്‍ വീണു പൊട്ടിച്ചിതറിയ അസ്വസ്ഥത.


‘ഞാന്‍ ഞാന്‍, നിഷയുടെ വീട്ടിലാ...മോള്‍ക്ക് ഒരു പുതിയ ഡ്രസ് തുന്നാന്‍, ഡിസൈനറെ കാണാന്‍...അവള്‍ക്ക് സ്ക്കൂളില്‍ ഫാക്ഷന്‍ ഷോ‍‍... ഞാന്‍ പറഞ്ഞിരുന്നുവല്ലോ..’


‘ആ....പറഞ്ഞിരിക്കാം. എന്റെ കുറെ ബിസിനസ് അസൊസിയേറ്റ്സ് വരുന്നുണ്ട്. അവര്‍ക്കു നാളെ ലഞ്ച് ശരിയാക്കണം’


‘ഉം...എത്രപേരുണ്ടാകും’


‘അതൊന്നും കൃത്യമായിപ്പറയാന്‍ പറ്റില്ല...’


‘ഉം..’



‘വെറുതെ അവിടേം ഇവിടേം നടക്കാതെ നേരത്തേ വീടു പറ്റാന്‍ നോക്ക്..’


‘ഉം..’



കണ്ണില്‍ നിന്നും താഴേക്കൊഴുകിയ കണ്ണീരിനേക്കുറിച്ച് അവള്‍ അറിഞ്ഞതേയില്ല. ഷോകേസില്‍ നിന്ന് റ്റിഷ്യു എടുത്തവയാള്‍ ഭവ്യതയോടെ അവളുടെ നേരെ നീട്ടി. ‍ അതുകൊണ്ടു അവള്‍ കണ്ണിര്‍ തുടച്ചു.



അദ്ദേഹം ഒരു നിമിഷം സോഫയില്‍ നിന്നുമെഴുനേറ്റു. മുറിയില്‍ ഒന്നു രണ്ടു തവണ ഉലാത്തി. എന്നിട്ടു വീണ്ടും അവളുടെ അടുത്തു വന്നിരുന്നു.



‘ഹര്‍ഷ വല്ലാത്ത റ്റെന്‍ഷനില്‍ ആണല്ലോ?’

‘അതെ’ അവള്‍ സമ്മതിച്ചു.



അദ്ദേഹം സ്വന്തം മനസിലേക്കും ശരീരത്തിലേക്കും അവളെ ആവാഹിച്ചെടുക്കുന്ന മട്ടില്‍ ധ്യാനനിമഗ്നനായി കുറച്ചുനേരം കണ്ണടച്ചിരുന്നൂ. എന്നിട്ടു പറഞ്ഞു.



‘ഉമ്... മന‍:ശാന്തി തീരെയില്ല. വീശ്വസിക്കാനാരുമില്ല., തുറന്നു സംസാരിക്കാന്‍, ദുഖം പങ്കിടാന്‍ ആരുമില്ല, ബന്ധുക്കള്‍ തക്കം പാര്‍ത്തിര്‍ക്കൂന്നതു താഴ്ചകാണാനാണ്‍്. മക്കളു പോലും കൈവിട്ടു പോയിരിക്കുന്നു. അവര്‍ക്കു ബഹുമാനം പണം കോടുക്കൂന്ന അച്ചനോടു മാത്രം. അവരുടെ കുട്ടൂകെട്ടുകളെക്കുറിച്ചു വ്യാകുലപ്പെടുമ്പോള്‍ അവര്‍ കൂടൂതല്‍ അഛന്റെ പക്ഷം ചേരുന്നു...’



‘അതെ....എല്ലാം സത്യം’



‘അച്ചട്ടായി മുഴുവനും പറയും, ഒറ്റ നോട്ടം മതി, നീ ഒന്നുമൊളിപ്പിച്ചിട്ടു കാര്യമില്ല’ നീതു പറഞ്ഞിരുന്നതവള്‍ ഓര്‍ത്തു.



‘ഇതിനൊക്കെ ഒറു പരിഹാരമുണ്ടോ എന്നാറിയാന്‍ വന്നതാണ്. എന്നെ കൈവെടിയരുത്, കാശെത്രവേണെങ്കിലും..പൂ‍ജയോ, ഹോമമോ, ...



‘വിഷമിക്കാതിരിക്കൂ..എല്ലാം നാം അറിയുന്നു..എന്നെ ആശ്രിയിക്കുന്നവരെ ന്നാം‍ ഒരിക്കലും കൈയൊഴിയില്ല‘.





‘ഹൊ സാക്ഷാല്‍ അമ്പല ദൈവങ്ങള്‍ക്കുപോലും തരാന്‍ കഴിയാത്ത ആശ്വാസം. ഏതൊക്കെ അമ്പലങ്ങളില്‍ ഞാന്‍ വഴിപാടു നേര്‍ന്നു, എവിടൊക്കെ ഞാന്‍ അപേക്ഷിച്ചു, ആരുടെയൊക്കെ കൈകാലുകള്‍ പിടിച്ചു യാചിച്ചു, പക്ഷെ ഇപ്പോ‍ള്‍ ഇദ്ദേഹമാണല്ലോ എന്റെ യഥാര്‍ഥദൈവമായത്. നിന്റെ ദുഖത്തിനു ഞാന്‍ പരിഹാരം കാണാമെന്നു തീര്‍ത്തു പറയുന്ന ഈ ദൈവം ഈ ദൈവത്തിന്‍് എനിക്കുള്ളതെല്ലാം ഞാന്‍ കൊടുക്കും’



‘പക്ഷെ ആദ്യം പരിഹരിക്കേണ്ടത് ഹര്‍ഷയുടെ പ്രശ്നമാണ്‍്,‘


‘എന്റെ പ്രശ്നമോ?’


‘അതെ. സ്നേഹമില്ലാത്ത ലോകത്തു ജീവിക്കുന്ന ഒരു സ്തീയുടെ മനസ് നൂലുപൊട്ടിയ പട്ടം പോലെയാണ്‍്, ആദ്യം അതിനെ സ്വസ്ഥമാക്കണം’.


‘ഉം’


അടുത്ത നിമിഷം സ്വാമി അവളെ മറോടണച്ചു. എനിട്ടവളെ കൂ‍ട്ടിക്കൊണ്ടടുത്ത മുറിയിലേക്കു പോയി. അവള്‍ക്കതില്‍ യാതൊരു തെറ്റും കാണാന്‍ കഴിഞ്ഞില്ല. ഈശ്വരനെ പ്രാപീക്കുന്ന സായൂജ്യമാ‍യിരുന്നു അവള്‍ക്ക്.



യാ‍ത്ര പറയുമ്പോല്‍ അവളുടെ വിരലില്‍ മുദ്ര പോലെ, സംരക്ഷണയുടെ പ്രതീകം പോലെ അദ്ദേഹം ഒരു മോ‍തിരമണിയിച്ചു. ബാഗീല്‍ അടുക്കി വച്ചിരുന്ന ഒരു നോട്ടു കെട്ട് അദ്ദേഹത്തിന്റെ കൈകളിലേക്കു കൊടുക്കാന്‍ എടുക്കുമ്പോള്‍‍ അവള്‍ ഓര്‍ത്തു, ഇതു പോലെ എത്ര എത്ര നോട്ടു കെട്ടുകള്‍ തൊട്ടാല്‍ ദൈവത്തം പോകൂമെന്നു പറയുന്ന അമ്പല പൂജാരികളു കാവല്‍ നില്‍ക്കുന്ന ശ്രീകോവിലുകളിലേക്കു ഞാന്‍ എറിഞ്ഞിട്ടുണ്ട് .’



‘ശെ എനിക്കു പണമോ.? അദ്ദേഹം പണമെടുക്കാന്‍ താല്പര്യം കാട്ടിയതേയില്ല.



‘അങ്ങേക്കല്ല, അങ്ങു നടത്തുന്ന ജീവകാരുണ്യപ്ര്വര്‍ത്തനങ്ങള്‍ക്കു വേണ്ടിയെങ്കിലും..’



അദ്ദേഹമെതിര്‍ത്തില്ല.



ഹര്‍ഷ വീട്ടില്‍‌ തിരിച്ചെത്തിയത് ഒരു പുതിയ വ്യക്തിയായിട്ടായിരുന്നു. വര്‍ഷങ്ങളായീ മനസില്‍ അടിഞ്ഞുകൂടിയ അഴുക്കു ചാലുകള്‍ അടര്‍ത്തിമാറ്റി പരിശുദ്ധയായ അനുഭവമായിരുന്നു അവള്‍‍ക്ക്. അദ്ദേഹം കോടുത്ത സ്നേഹത്തിന്റെ വിളക്ക് അവളുടെ മനസില്‍ അണയാതെ അങ്ങനെ കത്തി നിന്നു. അങ്ങനെ എത്ര തവണ പിന്നീടദ്ദേഹം അവളില്‍ സ്നേഹവിള‍ക്കു കത്തിച്ചു വച്ചു.



പക്ഷെ, ഇതിപ്പോള്‍, ‍ കൈയ്യിലിരുന്ന പത്രത്തിലേക്കവള്‍ നോക്കി. പോലീസുകാരുടെ നടുവില്‍ അതദ്ദേഹമായിരിക്കരുതേ എന്നവള്‍ പ്രാര്‍ത്ഥിച്ചൂ.



നീതുവിന്റെ ഫോണ്‍ നമ്പര്‍ അവള്‍ വീണ്ടും കുത്തി.



‘ഹലോ’



‘ഓ നീതുവോ. ഞാന്‍ രാവിലെ തൊട്ടു നിന്നെ വിളിക്കുന്നു’



‘ഉം.. പത്രം കണ്ടിട്ടായിരിക്കും..’



‘അതെ അതപ്പോള്‍ അദ്ദേഹം തന്നാണോ’



‘അതെ, പക്ഷെ നീ അതിലിത്ര ബേജാറാകാനൊന്നുമില്ല.‘



‘അല്ലെങ്കിലും നീ അങ്ങനേ പറയൂ.‘



‘എടീ. അദ്ദേഹത്തിനു പ്രൊട്ടക്ഷന്‍ കൊടുക്കുന്നതിനു വേണ്ടിയാ പോലീസു കൊണ്ടുപോയിക്കുന്നേ. ഈ അറസ്റ്റ് ഒക്കെ വെറുമൊരു പ്രഹസനമാ. സ്വമീന്നു കേക്കുമ്പോ‍ നാട്ടുകാര്‍ക്കൂ മുഴുക്കെ ഒരു കലിയാ‍ ഇപ്പോള്‍. അതു കൊറച്ചു നാളത്തേക്കു കാണും. അതു വരെ അദ്ദേഹത്തെ അവരകത്തിടും.’



‘ഓ അത്രേ ഒള്ളോ. ഞാനങ്ങു പേടിച്ചു പോയി.’



‘ഇപ്പം അദ്ദേഹം പോലീസ് അകമ്പടിയോടെയല്ലേ പൂജക്കു പോന്നേ. പിന്നെ കൊറെ ചെറ്റപോലീസുകാ‍രൊക്കെ അന്വേഷിക്കാന്‍ നടക്കുന്നുണ്ട്. അവറ്റകട തലേല്‍ കൂടെ എപ്പഴാ ട്രക്കു കേറിമറിയുന്നതെന്നു സൂക്ഷിച്ചാല്‍ കൊള്ളാം’



‘പക്ഷെ നീതു നിനക്കറിയാമല്ലോ സ്വാമി മോള്‍ക്കു സ്നേഹപൂജ നടത്തിയത്. ഞാന്‍ പ്രേരിപ്പിച്ചു നടത്തിയതായിരുന്നു, അവട അഹങ്കാരമൊക്കെ ഒന്നു മാറീ, ഒരടക്കോം ഒതുക്കോമൊക്കെയാകാന്‍, അതിനു ശേഷം അടക്കോമൊതുക്കോമായി, പക്ഷെ അവള്‍ക്കീപ്പം, സ്വാമീ എപ്പഴും അടു‍ത്തു വേണം. രാവിലെ സ്വാമീട ഫോട്ടോ കണ്ടപ്പോള്‍ തൂടങ്ങിയ നെലവിളീയാ...അടുത്താഴ്ച്ച‍ പരീ‍ക്ഷയാ.. അവളൊന്നും പാഠിക്കാനും കൂട്ടാക്കുന്നില്ല..’



‘എന്റ ഹര്‍ഷേ നെനക്കെന്തോന്നാ. സ്വാമി കൊറേക്കഴിയുമ്പോ ഇങ്ങു വരുമെന്നവളെ പറഞ്ഞു മനസിലാക്ക്. പീന്നെ ഇപ്പോള്‍ പത്താം ക്ലാസിലാരും തോക്കത്തില്ലെന്നു നെനക്കറിഞ്ഞൂടേ. ഒരു സര്‍ടിഫിക്കേറ്റൂം അമ്പതു ലക്ഷോം കൊണ്ടിങ്ങുവാ, മോള്‍ക്കു മെഡീസിന്‍് അഡ്മിഷന്‍ ഞാന്‍ വാങ്ങിത്തരാം. പോരെ.’



‘ഓ, എന്റെ നീതു നീ എത്ര ആയാസമില്ലാതെയാണ് ഓരോന്നും പറേന്നത്. ഒരു കാര്യം കൂടെ. സ്വാമീട കാര്യമൊന്നും ഞാന്‍ പിള്ളാരട അച്ഛനോട് ഇതു വരെ പറഞ്ഞിട്ടില്ല. എനിക്കു വല്ലാത്ത പേടിയാ. നിന്റെ ഭര്‍ത്താവു തൊമ്മിച്ചനും സ്വാമിയെ അറിയില്ലല്ലോ?’



‘ഏ തൊമ്മിച്ഛനും സ്വാമിയും പര്‍‌ട്നേഴ്സല്ലേ ബിസിനസില്‍‘



‘എന്തു ബിസിനസ്’



‘റിയല്‍ എസ്റ്റേറ്റ്, ഐ.റ്റി, വിദ്യാഭ്യാസം അങ്ങനെ പലതുമുണ്ട്’



എന്തോ പറയരുതാത്തതു പറഞ്ഞതു പോലെ നീതു അപ്പുറത്തു നിശബ്ദയായി. എന്നിട്ട് പെട്ടെന്നവള്‍ വാചാലയായി.



‘ഹര്‍ഷേ...നിന്റെ ഭര്‍ത്താവ് സ്വാമിയേക്കുറിച്ചൊന്നും അറിയരുത് അല്ലേ, ശരി ഞാനാണ് നിന്നെ സ്വാമിക്കു പരിചയപ്പെടുത്തിയതെന്ന് നീയും ആരോടും പറയരുത്.’



‘അതെന്താ,’



‘അതൊരു ഡീലാണ്‍്. ഇതിന്റെ വ്യവസ്ഥ തെറ്റിച്ചാല്‍ നിന്റെ സകല രഹസ്യവും ഞാന്‍ പുറത്തു കൊണ്ടു വരും. അറിയാമല്ലോ, നിന്റെ ഭര്‍ത്താവറിഞ്ഞാലത്തെ കാര്യങ്ങള്‍..’



‘ഉം..’



ഹര്‍ഷ പത്രത്തിലേക്കു നോക്കി.



‘ഒന്നു പുറത്തു വരൂ പ്രഭോ.. എന്നെ രക്ഷിക്കൂ പ്രഭോ..‘. അവള്‍ സ്വാമിയുടെ ചിത്രത്തിലേക്കു നോക്കി അപേക്ഷിച്ചു.





----------------------------------------അവസാനം----------------------



















Sunday, September 16, 2007